രാജസ്ഥാനിൽ 28-കാരനായ ട്രക്ക് ഡ്രൈവറെ വെടിവെച്ചുകൊലപ്പെടുത്തി ഗോരക്ഷാസേനക്കാർ
ഹരിയാനയിലെ പാൽവൽ ജില്ലയിലെ 28-കാരനായ മുസ്‌ലിം പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിർ ഖാൻ മാർച്ച് 2-ന് പുലർച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപമാണ് ആക്രമികളുടെ വെടിയുണ്ടകളാൽ കൊല്ലപ്പെടുന്നത്. കൊലയാളികൾ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകർ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡൽഹിയിലെ ആസാദ്‌പൂർ പച്ചക്കറി പഴം മാർക്കറ്റിലേക്ക് പഴങ്ങൾ കൊണ്ടുപോകാൻ പുലർച്ചെ നാലുമണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ആമിർ. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗമായിരുന്നു. പഴങ്ങൾ നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവൻ സുബൈർ മക്തൂബിനോട് പറഞ്ഞു.
പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനിൽക്കുകയായിരുന്നു ആമിർ. അപ്പോളാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകൾ ബൊലേറോ കാറിൽ എത്തി, മറ്റ് വാഹനങ്ങൾ കൂടി ചേർന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. മുസ്‌ലിംകൾ ഓടിക്കുന്ന പിക്കപ്പ് ട്രക്കുകളെ തടയുന്ന ഗോരക്ഷാവാദികൾ ആയിരുന്നു അക്രമികൾ എന്ന് കുടുംബം ആരോപിക്കുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.