കഞ്ചാവുമായി റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ. ടാറ്റാ നഗർ എക്സ്പ്രസിലെ കരാർ ജീവനക്കാരനായ ബിഹാർ സ്വദേശി മുഹമ്മദ് ഫയാസുള്ളയെയാണ് പന്ത്രണ്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഫയാസുള്ളയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ. നിസാമുദ്ദീൻ അറിയിച്ചു.
ടാറ്റാ നഗർ എക്സ്പ്രസിലെ ബെഡ് റോൾ (Bed Roll) തൊഴിലാളിയാണ് നിലവിൽ പിടിയിലായ മുഹമ്മദ് ഫയാസുള്ള. ഇതേ ട്രെയിനിലെ മറ്റൊരു ബെഡ് റോൾ തൊഴിലാളിയെയും രണ്ട് മലയാളികളെയും വൻ കഞ്ചാവ് ശേഖരവുമായി റെയിൽവേ പോലീസ് പിടികൂടിയിരുന്നു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാൽ പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളെയും അന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നായി 56 കിലോ കഞ്ചാവാണ് പിടികൂടിയത്.