പുൽപ്പള്ളിയിൽ 5 ലിറ്റർ മദ്യവും പണവുമായി ഒരാൾ പിടിയിൽ
Nov 3, 2025, 18:31 IST
പുൽപ്പള്ളി: വിൽപനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശിയായ എം.ഡി. ഷിബു (45) വിനെയാണ് പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മദ്യവിൽപന നടത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. ഷിബുവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നടത്തിയ പരിശോധനയിൽ 10 കുപ്പികളിലായി 5 ലിറ്റർ വിദേശ മദ്യവും, വിൽപനയിലൂടെ ലഭിച്ച 8,500 രൂപയും പോലീസ് കണ്ടെടുത്തു.
പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനധികൃത മദ്യവിൽപന തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഷിബു വലയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.