സ്വത്ത് തർക്കം ; 61കാരിയായ അമ്മയ്ക്ക് നേരെ മേൽ ചൂടുവെള്ളം ഒഴിച്ച് മകളും ചെറുമകളും
കൊല്ലം: സ്വത്ത് സംബന്ധിച്ച തർക്കത്തിനിടെ 61കാരിയായ അമ്മയ്ക്ക് നേരെ മകളും ചെറുമകളും ചേർന്ന് ആക്രമണം നടത്തിയെന്ന് പരാതി. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് സംഭവത്തിൽ പൊള്ളലേറ്റത്. വീടും സ്ഥലവും തങ്ങളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മകൾ അശ്വതി (37) അമ്മയെ ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
അശ്വതിയും മകൾ അമൃതയും (18) ചേർന്നാണ് രാധാമണിയെ ഉപദ്രവിച്ചതെന്നാണ് പരാതി. ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈകൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി മർദിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ രാധാമണിക്ക് പൊള്ളലേറ്റതായാണ് വിവരം.
സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. വീടും സ്ഥലവും എഴുതി നൽകണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഉപദ്രവമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി മുൻപ് ഹണിട്രാപ്പ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് രേഖകളിൽ വ്യക്തമാകുന്നതായാണ് ലഭിക്കുന്ന വിവരം. നിലവിലെ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.