സ്വത്ത് തർക്കം : ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; സഹോദരങ്ങൾ അറസ്റ്റിൽ
സ്വത്ത് തർക്കത്തെ തുടർന്ന് മന്ദലാംകുന്നിൽ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടിൽ ചാലിൽ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മന്ദലാംകുന്നിൽ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടിൽ ചാലിൽ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ മന്ദലാംകുന്ന് എടയൂർ സ്വദേശി കുറുപ്പംവീട്ടിൽ ചാലിൽ അലി (56) ക്കാണ് പരിക്കേറ്റത്. അലിയുടെ സഹോദരങ്ങളാണ് ആക്രമണം നടത്തിയ നൗഷാദും അബ്ദുൾ കരീമും. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
സഹോദരിയെ വീട്ടിൽ കൊണ്ടുവിടാൻ വന്നതായിരുന്നു അലി. കുടുംബ സ്വത്തിനെ ചൊല്ലി നേരത്തെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. അലി വന്ന സമയത്ത് സഹോദരങ്ങളുമായി ഇതേ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഇരു കൈക്കും സാരമായി പരിക്കേറ്റ അലി ചികിത്സയിലാണ്. സംഭവ ദിവസം തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളുടെ പേരിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.