ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവം ; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്
പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. കൈതാരം സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നും സംസ്ഥാനം വിട്ടതായും പോലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാൻ പോലീസ് വീട്ടിലെത്തിയെങ്കിലും പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് കൈതാരം നോർത്തിലെ ട്രാൻസ്‌ഫോർമറിൽ അജ്ഞാതൻ ഫ്യൂസ് ഊരിയത്. ഒരാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ നേരിൽ കണ്ടിരുന്നു. കെ.എസ്.ഇ.ബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഇതിനുപുറമെ പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി എന്നിവിടങ്ങളിലും ട്രാൻസ്‌ഫോർമറുകളിൽ നിന്ന് ഫ്യൂസ് ഊരിയതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബോധപൂർവ്വം വൈദ്യുതി മുടക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന കോൺഗ്രസ് പ്രചാരണം ഇതോടെ പൊളിഞ്ഞതായി സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ പറഞ്ഞു. എന്നാൽ, പ്രതിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്. റെജി വ്യക്തമാക്കി.