ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടങ്ങി ; മാളയിൽ കെഎസ്ഇബി ജീവനക്കാരന് നേരെ മുളവടികൊണ്ട് ക്രൂരമർദനം

 

 തൃശൂർ: ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിൽ പ്രകോപിതരായ ഒരു സംഘം യുവാക്കൾ കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനെ ക്രൂരമായി മർദിച്ചു. തൃശൂർ മാള അന്നമനട കെ.എസ്.ഇ.ബി ഓഫീസിലെ 33 കെ.വി സബ്സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അക്രമികൾ മുളവടി ഉപയോഗിച്ച് താത്കാലിക ജീവനക്കാരനായ നിധിനെ തല്ലിച്ചതയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് സെമിഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അന്നമനടയിൽ വൈദ്യുതി നിലച്ചത്. ഇതോടെ കളി കാണാനാകാതെ പ്രകോപിതരായ ഒരു സംഘം യുവാക്കൾ സബ്സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഓഫീസിലെത്തിയ സംഘം ജീവനക്കാരെ ആദ്യം അസഭ്യം പറയുകയും, തുടർന്ന് കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

ഫുട്ബോൾ ആവേശത്തിനിടയിലെ അപ്രതീക്ഷിത പവർകട്ടിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രിയിൽ അരങ്ങേറിയത്. തൃശൂർ എരുമപ്പെട്ടി കെ.എസ്.ഇ.ബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെ കളി നടക്കുന്ന സമയത്തായിരുന്നു വൈദ്യുതി മുടങ്ങിയത്. മലപ്പുറം പരിയാപുരത്തെ കെ.എസ്.ഇ.ബി ഓഫീസിലും ഫുട്ബോൾ പ്രേമികളും ഡിവൈഎഫ്ഐ പ്രവർത്തകരും മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചു.