പ്രസവാനന്തര വിഷാദം ; 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച നാല് മാസമായ ഇരട്ടക്കുട്ടികളെ അമ്മ കൊലപ്പെടുത്തി
ബെംഗളൂരു : നാല് മാസം പ്രായമായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരേ പോലിസ് കേസെടുത്തു. കണാടക വജരഹള്ളി സ്വദേശി ഉമാ ദേവിയാണ് (40) തന്റെ 4 മാസം പ്രായമുള്ള ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയത്. ഭർത്താവ് രാമലിംഗത്തിന്റെ പരാതിയിലാണ് പോലിസ് ഉമാ ദേവിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2002 ലായിരുന്നു ഉമാ ദേവിയും രാമലിംഗവും തമ്മിൽ വിവാഹിതരായത്. വർഷങ്ങളോളം കുട്ടികളുണ്ടാവാതിരുന്നതിനെ തുടർന്ന് ഐവിഎഫ് ചികിൽസയിലൂടെയാണ് 2026 ൽ ഇരുവർക്കും ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചത്. ആദ്യ ഒന്നര മാസം കുഞ്ഞുങ്ങളെ വളരെ താത്പര്യത്തോടെ ഉമാ ദേവി പരിചരിച്ചെങ്കിലും പിന്നീട് പെരുമാറ്റങ്ങൾ അസാധാരണമായതായി ഭർത്താവ് പറയുന്നു.
തുടർന്ന് മാനസിക സമ്മർദത്തിന് ചികിൽസ തേടിയിരുന്നതായും രാമലിംഗം വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ഭർത്താവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഭർത്താവ് തിരിച്ചെത്തുമ്പോൾ ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ് കണ്ടത്. മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന നിലയിലും കണ്ടെത്തുകയായിരുന്നു. രാമലിംഗം ഉടൻ തന്നെ പോലിസിനെ വിവരമറിയിച്ചു. പ്രസവാനന്തര വിഷാദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.