വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ആരോപണവിധേയൻ കഴുത്ത് അറുത്തു
പത്തനംതിട്ടയിൽ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ആരോപണവിധേയൻ കഴുത്ത് അറുത്തു. തട്ട സ്വദേശിയായ നാല്പതുകാരനാണ് കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
കൊടുമൺ: പത്തനംതിട്ടയിൽ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ആരോപണവിധേയൻ കഴുത്ത് അറുത്തു. തട്ട സ്വദേശിയായ നാല്പതുകാരനാണ് കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. താൻ വസ്ത്രംമാറുന്നത് ഇയാൾ ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി അധ്യാപകരോട് പരാതിപ്പെട്ടു.
ഇവർ വിവരം ചൈൽഡ് ലൈനിന് കൈമാറി. ചൈൽഡ് ലൈനിൽ നിന്ന് അറിയിച്ചപ്രകാരം കൊടുമൺ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. ഇയാൾ ശല്യംചെയ്തിരുന്നതായും നിരന്തരം പ്രേമാഭ്യർഥന നടത്തിയെന്നും കുട്ടി മൊഴിനൽകി.
പരാതിയിൽ പറയുന്നയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി. അടഞ്ഞുകിടന്ന കതകിൽ പോലീസ് മുട്ടിവിളിച്ചപ്പോൾ ഇയാൾ ജനാലതുറന്ന് കത്തിയുമായി ഭീഷണിമുഴക്കി. പോലീസ് കതക് തുറക്കാൻ ശ്രമിക്കുമ്പോഴേക്കും കഴുത്ത് മുറിച്ചു. പോലീസ് കതക് ചവിട്ടിത്തുറന്ന് കത്തി പിടിച്ചുവാങ്ങി.അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.