ലഹരി ഉപയോഗവും വിൽപനയും തടയാൻ ആലപ്പുഴ ജില്ലയിൽ പൊലീസ്, എക്സൈസ്, പോർട്ട് സംയുക്തപരിശോധന ; ജൂണിൽ ഇതുവരെ എടുത്തത് 285 എൻഡിപിഎസ് കേസുകൾ
ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പൊലീസ്, എക്സൈസ്, പോർട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം
ആലപ്പുഴ : ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പൊലീസ്, എക്സൈസ്, പോർട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ജില്ലാകളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ നാർക്കോ കോഡിനേഷൻ സെന്റർ (എൻകോഡ്) യോഗത്തിലാണ് തീരുമാനം. ലഹരി ഉപയോഗം, വിപണനം, കൈമാറ്റം, ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതവേദിയാണ് എൻകോഡ്.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വരുന്ന ട്രെയിനുകൾ, ഇന്റർസ്റ്റേറ്റ് ബസുകൾ, ഹൗസ്‌ബോട്ടുകൾ, ബീച്ചുകൾ, ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തും. ലഹരി ഉപയോഗം, വിപണനം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പങ്കുവെക്കുന്നതിനുള്ള പൊലീസ്, എക്‌സൈസ് ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലയിൽ ജൂൺ മാസം ഇതുവരെ 196 എൻഡിപിഎസ് കേസുകൾ എടുക്കുകയും 231 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി യോഗത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. 858 ഗ്രാം കഞ്ചാവും 3.18 ഗ്രാം എംഡിഎംഎയും 0.91 ഗ്രാം ഹാഷിഷ് ഓയിലും 56 ടാബുകളും 19 കഞ്ചാവ് ചെടികളും പിടികൂടി. അഞ്ച് കേസുകളിലായി അഞ്ച് പ്രതികൾ റിമാൻറിലുണ്ട്. 95 കോട്പ കേസുകളിലായി 97പേരെ അറസ്റ്റ് ചെയ്യുകയും 2423 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും ചെയ്തു.
ആലപ്പുഴ എക്സൈസ് ഡിവിഷൻ 89 എൻഡിപിഎസ് കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളിലായി 9.13 കിലോഗ്രാം കഞ്ചാവ്, 4 കഞ്ചാവ് ചെടി, 5 കഞ്ചാവ് ബീഡി, 62.475 ഗ്രാം ഹെറോയിൻ, .264ഗ്രാം മെത്താംഫെറ്റമിൻ 41.5 ഗ്രാം ഹാഷിഷ് ഓയിൽ, രണ്ട് വാഹനം എന്നിവ പിടിച്ചെടുത്തു. 139.480 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 565 കോട്പ കേസുകളിൽ നിന്ന് 113000 രൂപ പിഴ ഈടാക്കുകയും ചെയ്തു. 804 റെയ്ഡുകളിലായി 104 അബ്കാരി കേസുകളെടുക്കുകയും 88 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 10 ലിറ്റർ ചാരായം, 186.65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 80 ലിറ്റർ വാഷ്, 9.15 ലിറ്റർ ബിയർ, ഒരു വാഹനം എന്നിവ ഇവയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച 401 ബോധവത്ക്കരണ ക്ലാസ്സുകളിലായി 17,428 വിദ്യാർത്ഥികളും 1016 യുവതീ-യുവാക്കളും 2005 മറ്റുുള്ളവരും പങ്കെടുത്തു. കൂടാതെ 22 മറ്റു ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. 57 പേർക്ക് കൗൺസലിംഗും നൽകി. തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ 22ന് ആരംഭിച്ച സ്പെഷ്യൽ കോംപിങ് 26 വരെ തുടരും.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി ജൂൺ 26 ന് എല്ലാ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ വിപുലമായ ബോധവത്കരണപ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. ആലപ്പുഴ പൊലീസ് സബ്ഡിവിഷന്റെ നേതൃത്വത്തിൽ പാതിരപ്പള്ളി മുതൽ ജിഎച്ച്എസ് കലവൂർ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയിൽ എഡി തോമസ് എംഎൽഎ പങ്കെടുക്കും. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, മാരത്തൺ, കിക്ക് ഓഫ്, കൂട്ടനടത്തം, കൂട്ടയോട്ടം, ലഹരിവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, സ്‌കിറ്റ്, ഫ്‌ളാഷ് മോബ്, ചെണ്ടമേളം എന്നിവ സംഘടിപ്പിക്കും.
വിവിധ വകുപ്പുകൾ ലഹരിക്കെതിരെ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, എഡിഎം സി പ്രേംജി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ആർ അജയ്, ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റൻ്റ് കമ്മീഷണർ സുബിമോൾ, നാർക്കോട്ടിക് സെൽ എസ് സി പി ഒ ഫൈസൽ, കോസ്റ്റ് ഗാർഡ്, പോർട്ട്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, സോഷ്യൽ ഫോറസ്ട്രി, ശിശുസംരക്ഷണ യൂണിറ്റ്, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ലഹരി ഉപയോഗം: തടയാൻ ബന്ധപ്പെടാം
• പൊലീസ്: 9497979794, 9497927797, 9995966666(വാട്‌സാപ്പ്)
• എക്‌സൈസ്: 04772252049, 155358(ടോൾഫ്രീ നമ്പർ), 18004252696.