എരുമപ്പെട്ടിയിൽ പോക്സോ കേസിൽ മധ്യവയസ്കന് 14 വർഷം കഠിന തടവ്
എരുമപ്പെട്ടി: പ്രായ പൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് 14 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. ചിറ്റണ്ട പട്ടച്ചാലിൽ വീട്ടിൽ അബൂബക്കറിനെയാണ് (53) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം എട്ട് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി.
പ്രോസിക്യൂഷൻ 29 രേഖകൾ ഹാജരാക്കി. 24 സാക്ഷികളെ വിസ്തരിച്ചു. വടക്കാഞ്ചേരി എസ്.ഐ അബ്ദുൽ ഹക്കീം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.