പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

 

 എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ജീവൻ, നന്ദു, ഷൈജു എന്നിവർക്ക് ജാമ്യം നൽകാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കുകയായിരുന്നു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി സംഘത്തിന് നേരെ വൻ അക്രമമായിരുന്നു പ്രതികളുടെ നേതൃത്വത്തിൽ അരങ്ങേറിയത്.

പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയുമായിരുന്നു. സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.