പട്ടായയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ
തായ്ലൻഡിലെ പട്ടായയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാൽപ്പതുകാരനായ ഓസ്ട്രേലിയൻ പൗരൻ സൈമൺ പീറ്റർ കാർമാനെ തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ബാങ്കോക്ക് സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പട്ടായയിലെ ഒരു അപ്പാർട്ട്‌മെന്റിൽ പെൺകുട്ടിയോടൊപ്പം പ്രതി പ്രവേശിക്കുന്നതും, മണിക്കൂറുകൾക്ക് ശേഷം വലിയ ട്രാവൽ ബാഗുമായി ഇയാൾ മാത്രം പുറത്തേക്ക് വരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായക തെളിവായി പോലീസ് ശേഖരിച്ചു. ബാഗ് മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് തായ്ലൻഡിലെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കണമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.