പത്തനംതിട്ടയിൽ പത്താംക്ലാസുകാരിക്ക് ക്രൂര പീഡനം ; 51-കാരൻ കൂടി പിടിയിൽ

 

 പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. പെരുനാട് മുണ്ടൻമല റബ്ബറുംകാലായിൽ അജികുമാറിനെ (51) ആണ് പെരിനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2021-ലായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സ്വന്തം അച്ഛൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് ക്രൂരമായ പീഡനമാണ് പെൺകുട്ടി നേരിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആറ് കേസുകൾ മലയാലപ്പുഴ പോലീസും ഒരു കേസ് പെരിനാട് പോലീസുമാണ് രജിസ്റ്റർ ചെയ്തത്. മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാർ (63), ഗോപാലകൃഷ്ണപിള്ള (62), ഏറം പൊതിപ്പാട് സ്വദേശി വാവ എന്ന ശ്രീജിത്ത് മോൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിനാട് എസ്‌.എച്ച്.ഒ ആർ. റോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പ്രതി അജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന അച്ഛനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.