വിമാനത്തിൽ സഹയാത്രികന്റെ ശരീരത്തിൽ മൂത്രമൊഴിച്ചു : യാത്രക്കാരന് 30 ദിവസം യാത്ര വിലക്ക്

 

ഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്റെ ശരീരത്തിൽ മൂത്രമൊഴിച്ചയാൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചത്. യാത്രക്കാരനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. യാത്രക്കാരന് 30 ദിവസത്തെ യാത്രാ വിലക്കാണ് ഏർപ്പെടുത്തിയത്.

കൂടുതൽ അന്വേഷണത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കാൻ എയർ ഇന്ത്യ സ്റ്റാൻഡിങ് കമ്മിറ്റിക്കും രൂപം നൽകുകയും ചെയ്തു.

മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ ഒരു കമ്പനിയുടെ എംഡിയുടെ ശരീരത്തേക്കാണ് മൂത്രമൊഴിച്ചത്. വിമാനത്തിൽ നിന്ന് പല തവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ അനുസരിച്ചില്ലെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു.