പാലത്തായി കേസ് പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണ് ; പി. ജയരാജൻ

 

 കണ്ണൂർ: പാലത്തായി കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് ഹൈകോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ കോടതിവിധിയിലേക്ക് നയിച്ചത് എന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നതെന്നും ​അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. കേസിന്റെ ആദ്യഘട്ടത്തിൽ സി.പി.ഐഎമ്മും എൽ.ഡി.എഫ് സർക്കാറും ഒത്തുകളിക്കുന്നു എന്ന വ്യാപകമായ വ്യാജ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വിചാരണക്കോടതിയിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അതോടെ അന്നത്തെ ഒത്തുകളി ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമായി.

കെ.കെ. ശൈലജ ടീച്ചർ അടക്കമുള്ള ജനപ്രതിനിധികളും സി.പി.എമ്മും അതിജീവിതക്ക് നീതി കിട്ടാൻ ശക്തമായ ഇടപെടലാണ് അന്ന് നടത്തിയതെന്ന് ജയരാജൻ പറഞ്ഞു. ഇപ്പോൾ, അതേ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന സംശയം ഉയർന്നിരിക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ അവഗണിക്കാവുന്നതല്ല. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും അടക്കം അത്തരം ഗൗരവമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം. അപ്പീൽ നടപടികളിൽ ശക്തമായ സംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതക്കൊപ്പം ഉറച്ചുനിൽക്കണം. യു.ഡി.എഫിന്റെ ഒരു രാഷ്ട്രീയ താൽപര്യവും ഒരു കുട്ടിക്ക് ലഭിക്കേണ്ട നീതിയെക്കാൾ വലുതല്ല എന്ന് തിരിച്ചറിവ് ഉണ്ടാകണം.

പാലത്തായി കേസിൽ സി.പി.എമ്മിനെതിരെ അന്ന് ഉയർത്തിയ ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് പ്രതിയെ സംരക്ഷിക്കാൻ സി.പി.എം ഒത്തുകളിച്ചില്ല; ഇന്ന് യഥാർഥ ഒത്തുകളി നടന്നിരിക്കുന്നു.

അതിജീവിതക്ക് നീതി ഉറപ്പാക്കുക, പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കുക, ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. നേരത്തെ വ്യാജ പ്രചാരണത്തിന് സമൃദ്ധമായി വാക്കും ആയുധവും ഉപയോഗിച്ച യു.ഡി.എഫ് ഘടകകക്ഷി മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും ഈ ഒത്തുകളിയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ താൽപര്യമുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സ്വന്തക്കാരുടെ ഒത്തുകളി ആകുമ്പോൾ അത് പേരിനു വേണ്ടി ഒരു പ്രതികരണത്തിൽ ഒതുക്കി മിണ്ടാതിരിക്കാനാണ് ഭാഗമെങ്കിൽ അത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാനും പൊതുസമൂഹം തയ്യാറാകും എന്ന് മറക്കരുത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.