പാലക്കാട് കവർച്ചക്കിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചിട്ടു

 

 പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചക്കിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചിട്ടു. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) കവർച്ചക്കിടെ യുവാക്കൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ജൂൺ പത്ത് മുതൽ കാണാനില്ലായിരുന്ന സരസമ്മാളിനെതിരെ ജൂൺ 12ന് മകൾ നൽകിയ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ പൊലീസിന് തോന്നിയ സംശയങ്ങളാണ് കേസിന് വഴിത്തിരിവായത്. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കവർച്ച ശ്രമത്തിനിടെ കൊലപ്പെടുത്താൻ ഉദ്ദേശം ഇല്ലായിരുന്നെന്ന് കസ്റ്റഡിയിലുള്ള യുവാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ കവർച്ചക്കിടെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച ശേഷം വൃദ്ധയെ ബാത്റൂമിലെ ഡ്രമ്മിലിട്ട് കത്തിച്ച് പാതി പൊളളലേറ്റ ശരീരം ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കൂടുതൽ പേർ ഉൾപ്പെട്ടതായി മൊഴി നൽകി. കേസിൽ 17 വയസുകാരൻ കൃത്യം നടത്താൻ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

പച്ചക്കറി മാർക്കറ്റിൽ സഹായിയായി ജോലി ചെയ്തിരുന്ന സരസമ്മാൾ കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഇടക്ക് ഒരുമാസക്കാലം തമിഴ്നാട്ടിലുള്ള മകളുടെ വീട്ടിൽ താമസിച്ചിരുന്നതായി മകൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ നേരത്തെയും മറ്റ് കേസുകളിൽ ഉൾപ്പെട്ടിരുന്നതായാണ്‌ ലഭ്യമാകുന്ന വിവരം.