പാലക്കാട് കരോൾ സംഘത്തെ ആക്രമിച്ച സംഭവം ; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ 

 

പാലക്കാട്: കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് 'കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്‌തായിരുന്നു ആക്രമണം. സംഘത്തിൻ്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു.

ആക്രമണം നടക്കുന്നതിനിടെ കരോൾ സംഘം ഓടിരക്ഷപ്പെട്ടു. കരോളുമായി ഇവിടേക്ക് പ്രവേശിക്കരുതെന്ന് ആക്രോശിച്ചാണ് ഇവർ വടികളുമായി വന്നതെന്ന് സംഘം പറയുന്നു. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കസബ ഇൻസ്പെക്ടർ എം.സുജിത്ത് പറഞ്ഞു.

10ഉം 15ഉം വയസുള്ള കുട്ടികളെയാണ് ആക്രമിച്ചതെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കാൻ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.