‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നതിനിടെ പോലീസിന് നേരെ പരക്കെ ആക്രമണം

 

 കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് വിതരണക്കാരെയും ലഹരി മാഫിയകളെയും അടിച്ചമർത്താൻ കേരള പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മുന്നേറുന്നതിനിടെ പോലീസിന് നേരെ പരക്കെ ആക്രമണം. കോഴിക്കോട്, പാലക്കാട്, കോട്ടയം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വനിതാ ഓഫീസർമാർ ഉൾപ്പെടെയുള്ള പോലീസുകാരെ ലഹരിസംഘങ്ങൾ കൂട്ടത്തോടെ ആക്രമിക്കുകയും വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

കോഴിക്കോട് നഗരത്തിൽ മഫ്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന കസബ സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ. ടി.കെ. രഞ്ജിത്ത്, സി.പി.ഒ. അനൂപ് ലാൽ എന്നിവരെയാണ് ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് മൂന്ന് മണിക്കൂർ മുൻപ് പോലീസ് ഓടിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. പോലീസുകാരെ വണ്ടിയിടിച്ച ശേഷം ഇവർ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിൽ കക്കോടി സ്വദേശി മുഹമ്മദ് ഹാഷിം (38), പഴനി സ്വദേശി വേൽമുരുകൻ (29) എന്നിവരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിയായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

കോഴിക്കോട് പയ്യാനക്കൽ വലിയതൊടി റോഡിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ പന്നിയങ്കര എസ്.ഐ. അമൽ ജോയിയെ പ്രതി ചവിട്ടിവീഴ്ത്തി. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടിയ പ്രതി കല്ലായി സ്വദേശി എ.ടി. ഷഫീഖിന്റെ (25) ബൈക്കിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും 14 സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. പാലക്കാട് ധോണി കനാൽ റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന ഹേമാംബിക നഗർ പ്രിൻസിപ്പൽ എസ്.ഐ. എസ്. സുദർശന, ഗ്രേഡ് എസ്.ഐ. ജോൺ സേവ്യർ, എസ്.സി.പി.ഒ. രജീഷ് എന്നിവരെ കാറിലെത്തിയ മദ്യപസംഘം ആക്രമിച്ചു. അവധിക്ക് നാട്ടിലെത്തിയ ഹവീൽദാർ മണ്ണാർക്കാട് സ്വദേശി ജിനേഷ് (28), അയൽവാസികളായ രഞ്ജിത്ത്, അനീഷ്, പ്രവീൺ എന്നിവരാണ് പോലീസിനെ മർദ്ദിച്ച കേസിൽ പിടിയിലായത്.