ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ് ; എറണാകുളം സ്വദേശിയിൽ നിന്ന് 25 കോടി തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

 

 ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ഹൈദരാബാദിൽ നിന്ന് പിടികൂടി.കൊച്ചി സിറ്റി സൈബർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരാണ് പിടിയിലായത്. രാജ്യത്ത് ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമാകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

'Capitallx.com' എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്യാപിറ്റലിക്സ്' എന്ന സ്ഥാപനത്തിന്റെ പേരിൽ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിൽ നിന്ന് പണം നിക്ഷേപിപ്പിച്ചത്. തട്ടിയെടുത്ത 25 കോടിയിൽ 16 കോടി രൂപയും ഈ രണ്ട് പ്രതികളുടെ കൈവശമാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. വെബ്സൈറ്റിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ കേസുകളുണ്ട്.