വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് : ഒരാൾ പിടിയിൽ
വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കൽ മിലാദ് ഭവനിൽ മുഹമ്മദ് ആസിം (41) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സുധ രമേഷ് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം: വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കൽ മിലാദ് ഭവനിൽ മുഹമ്മദ് ആസിം (41) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സുധ രമേഷ് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വെങ്ങാനൂരിൽ അഞ്ച് സെൻറിൽ വില്ല നിർമിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. മുഹമ്മദ് ആസിം ഉൾപ്പെടെ നാലുപേർക്കെതിരെയാണ് ഇവർ പോലീസിൽ പരാതി നൽകിയിരുന്നത്. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
77 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വില്ലയോ പണമോ ലഭിക്കാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്. മെഡിക്കൽ കോളജ് പോലീസ് ആണ് മുഹമ്മദ് ആസിമിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.