എൻ.ഐ.എ കേസിൽ തടവിലായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു 

 

 കൊച്ചി: എൻ.​​ഐ.എ (ദേശീയ അന്വേഷണ ഏജൻസി) രജിസ്റ്റർ ചെയ്ത കേസിൽ തടവിലായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആലുവ നീറിക്കോട് പുളിക്കവീട്ടിൽ മുഹമ്മദ് യാസർ അറഫാത്ത് (35) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സഹായിച്ചുവെന്ന ആരോപിച്ചാണ് യാസർ അറഫാത്തിനെ അറസ്റ്റ്​ ചെയ്തത്. യു.എ.പി.എ പ്രകാരം തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാരനായി കഴിഞ്ഞു വരവേ രോഗം മൂർച്ഛിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയെ തുടർന്ന് നിരീക്ഷണത്തിലിരിക്കേ ഇന്ന് രാവിലെയായിരുന്നു മരണം. രോഗത്തിന്റെ കാഠിന്യവും അടിയന്തര ചികിൽസയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി കൊച്ചി എൻ.​ഐ.എ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഭാര്യ: സുമയ്യ, രണ്ടു മക്കൾ. നിയമ നടപടികൾക്കു ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.