നെയ്യാറ്റിൻകരയിൽ മിന്നൽ പരിശോധന ; 4100 കിലോ ഉത്പന്നങ്ങൾ പിടികൂടി

എക്സൈസ് ഇന്റലിജൻസും നെയ്യാറ്റിൻകര റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കേന്ദ്രങ്ങളിൽ നിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

 

 നെയ്യാറ്റിൻകര: എക്സൈസ് ഇന്റലിജൻസും നെയ്യാറ്റിൻകര റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കേന്ദ്രങ്ങളിൽ നിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ബീമാപള്ളി സ്വദേശി അമീൻ (42) പിടിയിലായെങ്കിലും പിഴയടപ്പിച്ച ശേഷം ഇയാളെ വിട്ടയച്ചു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ഉച്ചക്കടയിൽ വെച്ചാണ് അമീനെ പിടികൂടുന്നത്. സ്കൂട്ടറിൽ കടകളിൽ വിതരണത്തിനായി എത്തിച്ച 100 കിലോ പുകയില ഉത്പന്നങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതോടെയാണ് പുഞ്ചക്കരിയിലെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന വൻ ശേഖരത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്ന് 4,000 കിലോ ഉത്പന്നങ്ങൾ കൂടി പിടിച്ചെടുത്തു. ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത ബ്രാൻഡുകളാണ് എക്സൈസ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.