നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി 20ന്
പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20 തിങ്കളാഴ്ച പ്രഖ്യാപിക്കും. തനിക്ക് മാനസികപ്രശ്നങ്ങളില്ലെന്നും വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലുമെന്നും വിളിച്ചുപറഞ്ഞ പ്രതി, തൂക്കിക്കൊന്നോളൂ എന്ന രീതിയിലാണ് കോടതിയിൽ പ്രതികരിച്ചത്.
2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മാട്ടായി വനമേഖലയിലേക്ക് കടന്ന പ്രതിയെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. നേരത്തെ 2019-ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര, 2022-ൽ ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് താമസിക്കുന്നതിനിടയിലാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന് ഒന്നര വർഷമാകുമ്പോഴാണ് കേസിൽ നിർണായക വിധി വരുന്നത്. അന്വേഷണസംഘം സമർപ്പിച്ച 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും നിരവധി ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. വിചാരണ വേളയിൽ 4 സാക്ഷികൾ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും കൃത്യമായ അന്വേഷണത്തിന്റെയും ഫലമായി പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചു. പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും ഇയാൾ നന്നാവാൻ സാധ്യതയില്ലെന്നുമാണ് പ്രൊബേഷൻ ഓഫീസറും സൈക്കോളജിസ്റ്റും കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.