വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അയല്‍വാസി പിടിയിൽ
ഹരിപ്പാട്: ആലപ്പുഴയില്‍ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അയല്‍വാസി പൊലീസിന്റെ പിടിയിലായി. സരസമ്മയെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടന്‍ പള്ളിപ്പടിയില്‍ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാല്‍ പവനോളം വരുന്ന സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വീട്ടുകാര്‍ മടങ്ങി എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ വെച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഷണം നടന്ന വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അയല്‍വാസിയായ സരസമ്മയെ സംശയമുള്ളതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മോഷണം പോയതില്‍ അഞ്ച് പവന്‍ സ്വര്‍ണം വീടിന്റെ മുന്നില്‍ നിന്നും കവറില്‍ ആക്കിയ നിലയില്‍ തിരികെ കിട്ടിയിരുന്നു.
മുക്കാല്‍ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സരസമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. മുക്കാല്‍ പവന്‍ വള പണയം വെക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.