ദേശീയപാതയില്‍ കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലി പാറയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ ഉണ്ടായിരുന്നു രണ്ടുപേരെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്യുകയും ഇവര്‍ സഞ്ചരിച്ചിരുന്ന കിയ കാറും തട്ടിയെടുത്ത കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍

 

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലി പാറയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ ഉണ്ടായിരുന്നു രണ്ടുപേരെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്യുകയും ഇവര്‍ സഞ്ചരിച്ചിരുന്ന കിയ കാറും തട്ടിയെടുത്ത കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. എരുമപ്പെട്ടി ഉമിക്കുന്ന് പ്ലാവളപ്പില്‍ സിനീഷ് എന്ന കണ്ണന്‍, പട്ടാമ്പി ആലിക്കപറമ്പ് പന്തം വീട്ടില്‍ സജീഷ് എന്ന സജു പട്ടാമ്പി, തൃശൂര്‍ കുന്നംകുളം കരിയമ്പ്ര ഷിബു എന്ന ഷിബു സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 14 ന് വാണിയമ്പാറ നീലിപാറയില്‍ വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയും കാറിന്റെ പുറകില്‍ വേറൊരു കാറിടിപ്പിച്ചും എറണാകുളം സ്വദേശിയായ മുഹമ്മദ് റിയാസിനേയും സുഹൃത്ത് ആലുവ സ്വദേശി ഷംനാദിനേയും മറ്റൊരു കാറില്‍ കയറ്റി തട്ടി കൊണ്ടുപോയി മര്‍ദ്ദിച്ചും, കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചും പണവും പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത ശേഷം തൃശൂര്‍ പുത്തൂരിനു സമീപം ഇറക്കിവിടുകയും ഇവരുടെ കാര്‍ വടക്കഞ്ചേരി കൊന്നഞ്ചേരി റോഡ് വശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകേസ് ഉള്‍പ്പെടെ മുപ്പതോളം കേസുകളുള്ള എരുമപ്പെട്ടി സ്വദേശികളായ തെന്നാംപാറ അമീര്‍,  കെ.വി. സജീഷ്, മുഹമ്മദ് എന്ന മോമു എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഈ കേസില്‍ പത്തിലധികം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആദ്യമെ തന്നെ കൃത്യത്തില്‍ പങ്കെടുത്ത മൂന്നു കാറുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തില്‍ സി.ഐ കെ.പി. ബെന്നി, എസ്.ഐ. ജിഷ് മോന്‍ വര്‍ഗീസ് എന്നിവരുടെ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.