അമ്മായിയമ്മയെ കൊറിയർ വഴി വിഷം നൽകി കൊലപ്പെടുത്തിയ മരുമകൻ പിടിയിൽ
കുടുംബത്തിൽ നിന്നുള്ള നിരന്തരമായ അവഗണനയും ഒറ്റപ്പെടുത്തലും പ്രകോപനമായതിനെ തുടർന്ന് അമ്മായിയമ്മയെ ചിക്കൻ കറിയിൽ എലിവിഷം കലർത്തി കൊലപ്പെടുത്തിയ മരുമകൻ പിടിയിലായി. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളാണ് 57കാരിയായ അമ്മായിയമ്മ അമിനയെ കൊല്ലപ്പെടുത്തിയ കേസിൽ ഇന്തോനേഷ്യൻ പോലീസിന്റെ പിടിയിലായത്. കോഴിയിറച്ചി കൊണ്ടുള്ള പ്രാദേശിക വിഭവമായ സതേയിൽ എലിവിഷം ചേർത്ത ശേഷമാണ് പ്രതി ഇത് അമ്മായിയമ്മയ്ക്ക് കൊറിയർ വഴി അയച്ചുകൊടുത്തത്.
പോലീസിനും ബന്ധുക്കൾക്കും തനിക്കെതിരെ യാതൊരു സംശയവും തോന്നാതിരിക്കാൻ വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കൊലപാതകം നടപ്പിലാക്കിയത്. കൊറിയർ ബുക്ക് ചെയ്യാനായി തന്റെ ഭാര്യയുടെ അനിയത്തിയുടെ പേരും വിവരങ്ങളുമാണ് പ്രതി ഉപയോഗിച്ചത്. കൊറിയർ ഡ്രൈവർക്ക് സംശയം തോന്നാതിരിക്കാൻ താൻ അമിനയുടെ മകനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഭക്ഷണം വീട്ടിലെത്തിക്കുമ്പോൾ മൂത്ത സഹോദരി കൊടുത്തുവിട്ടതാണെന്ന് പറയാൻ ഡ്രൈവർക്ക് നിർദ്ദേശവും നൽകിയിരുന്നു. ഭക്ഷണം കഴിച്ച് ഛർദ്ദിച്ച് അവശയായി അമിന മരണപ്പെട്ടതിന് പിന്നാലെ ഈ കേസിൽ ഭാര്യയുടെ സഹോദരിയെ കുടുക്കാനും പ്രതി ശ്രമം നടത്തിയിരുന്നു.
അമിനയുടെ മരണത്തിൽ സംശയം തോന്നിയ ഇളയ മകളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അപരിചിതമായ സ്ഥലത്തുനിന്ന് കൊറിയർ വഴി വന്ന ഭക്ഷണം കഴിക്കരുതെന്ന് മകൾ അമ്മയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അമിനയുടെ മരണത്തിന് പിന്നാലെ വീട്ടിലെ കോഴികളും ചത്ത നിലയിൽ കണ്ടതോടെ സംശയം ബലപ്പെടുകയും, മെയ് മാസത്തിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ആന്തരികാവയവങ്ങളിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.