സ്‌കൂൾ വിദ്യാർത്ഥിനിയെ എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി : പ്രതി പിടിയിൽ 

കോഴിക്കോട് ബീച്ചിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ കയറ്റി റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിക്കുകയും ബലമായി എംഡിഎംഎ നൽകി

 

കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ബീച്ചിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ കയറ്റി റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിക്കുകയും ബലമായി എംഡിഎംഎ നൽകി ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫ്(22) ആണ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം കോഴിക്കോട് ടൗൺ പൊലീസാണ് കൈഫിനെ അറസ്റ്റ് ചെയ്തത്.

 സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ ഇയാൾക്കെതിരെ ടൗൺ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. 

ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ജിതേഷ്, എസ്‌ഐമാരായ കെ മുരളീധരൻ, ഷബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘം കോഴിക്കോട് മിഠായിത്തെരുവിൽ വെച്ചാണ് കൈഫിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.