കൈവശ ഭൂമിയുടെ രേഖകൾ ലഭിച്ചില്ല; പെട്രോളും കയറുമായി മൊബൈൽ ടവറിൽ കയറി 70-കാരന്റെ ആത്മഹത്യാ ഭീഷണി
കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൈയിൽ പെട്രോളും കഴുത്തിൽ കയർ കുരുക്കുമായി മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി.
കാസർകോട്: കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൈയിൽ പെട്രോളും കഴുത്തിൽ കയർ കുരുക്കുമായി മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി. കാസർകോട് സ്വദേശിയായ പി.കെ. മോഹൻദാസ് (70) ആണ് ടവറിൽ കയറി പ്രതിഷേധിച്ചത്. അഗ്നിശമന രക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായാണ് ഇയാളെ താഴെയിറക്കിയത്.
കൈവശ ഭൂമിയുടെ രേഖകൾക്കായി കഴിഞ്ഞ 27 വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്ന് മോഹൻദാസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്, മോഹൻദാസ് വിതരണം ചെയ്ത ലഘുലേഖയിലെ ഫോൺ നമ്പറിലേക്ക് വിളിച്ച് സംസാരിച്ച് ശ്രദ്ധ തിരിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ശ്രദ്ധ തിരിഞ്ഞ നിമിഷത്തിൽ അഗ്നിശമന സേനാംഗങ്ങളായ ജിജോ ജെ.ബി, ശ്രീ അതുൽ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ സുരക്ഷാ സംവിധാനങ്ങളോടെ ടവറിൽ കയറി ഇയാളെ സുരക്ഷിതമായി പിടിച്ചുകെട്ടി. തുടർന്ന് സീനിയർ ഓഫീസർ എച്ച്. ഉമേശന്റെ നേതൃത്വത്തിൽ താഴെയിറക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാളെ ബദിയടുക്ക പോലീസിന് കൈമാറി.