ഐ.പി.എൽ മത്സരത്തിനിടെ കാണികളുടെ മൊബൈൽ ഫോൺ കവർന്നു ; പ്രതികൾ അറസ്റ്റിൽ, ഫോണുകൾ കണ്ടെടുത്തു
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികളിൽനിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ 13 പേർ അറസ്റ്റിൽ. ബംഗളൂരുവിലെ എം. ചിന്നസ്വാമി
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികളിൽനിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ 13 പേർ അറസ്റ്റിൽ. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 28ന് നടന്ന ആദ്യ മത്സരത്തിനിടെയായിരുന്നു മോഷണം. കേസിൽ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പത് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് 75 മൊബൈൽ ഫോണുകളും കണ്ടെടുത്തു.
കേസിൽ നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളിലൊരാളായ ശുഭം കുമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അറസ്റ്റ്. സോഹൻ കുമാർ (21), സഞ്ജീത് കുമാർ (24), ഇഷൽ കുമാർ (23) കൂടാതെ പ്രായപൂർത്തിയാകാത്ത ആറുപേരുമാണ് ഇപ്പോൾ പിടിയിലായത്. ഇവരിൽനിന്ന് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജാർഖണ്ഡ് സ്വദേശിയായ ശുഭമിനെ മാർച്ച് 31നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം മൂന്ന് പ്രായപൂർത്തിയാകാത്തവർ കൂടി പിടിയിലായിരുന്നു. ഇയാളിൽനിന്ന് 21 മൊബൈൽ ഫോണുകളും 18 ലക്ഷം രൂപയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.