ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്ത് ; മുഖ്യപ്രതി ‘ഡാനി ഭായ്’ അറസ്റ്റിൽ  

 

 ആലുവ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ എറണാകുളം റൂറൽ ജില്ല പൊലീസ് പിടികൂടി.ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) നെയാണ് ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷ്.നിലവിൽ മൈസൂരിനടുത്ത് നഞ്ചൻഗുഡുവിലാണ് ഇയാൾ താമസിക്കുന്നത്.

ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിനൊടുവിൽ ഇയാളെ അങ്കമാലിയിൽവച്ച് പിടികൂടുകയായിരുന്നു

യുവാക്കളെ ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. അവിടെനിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് വിവിധ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

മൈസൂരിനടുത്ത് നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവിൽ ലഹരിമരുന്ന് കടത്തും വിതരണവും നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബംഗളൂരു–മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണശൃംഖലയിലെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഇതോടെ കണ്ടെത്താനായത്.

ഇന്നലെ ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് വിതരണശൃംഖലയിലെ മുഖ്യപ്രതിയെക്കൂടി പിടികൂടാനായത്.

‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരായിരുന്നു. ഇതിലൂടെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിതരണശൃംഖലയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ബംഗളൂരു–മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും വിതരണശൃംഖല പൂർണമായും തകർക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ ആർ. രൂപേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ,എസ്.ഐമാരായ ജോജോ ജോർജ്, അനൂപ് വി, പ്രൊബേഷണറി എസ്.ഐ. ലാൻസി ദാസ്, എ.എസ്.ഐ. നൗഷാദ്, എസ്.സി.പി.ഒ. അജിത്, വിനോദ്, ലിൻസൺ, സിവിൽ പോലീസ് ഓഫീസർമാരായ മാഹിൻഷാ അബൂബക്കർ, മനോജ് കെ.എം., മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ, അഫ്സൽ, ഗസ്നി, ഷൈജൻ, ശ്രീരാജ് എം.എസ്., ഷമീൻ എസ്., അനിൽജിത് എം.ബി. എന്നിവരും ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.