നഗ്നഫോട്ടോ കാട്ടി ഭീഷണി; പെൺകുട്ടിയിൽ നിന്ന് സ്വർണം തട്ടിയ കേസ് പ്രതി അറസ്റ്റിൽ
പ്രണയം നടിച്ച് പെൺകുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ പിടികൂടി മാഹി പോലീസ് . തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹീം അഹമ്മദ് (25) ആണ് പിടിയിലായത്. ചെമ്പ്ര സ്വദേശിയുടെ മകളാണ് കബളിപ്പിക്കപ്പെട്ടത്. പെൺകുട്ടിക്കൊപ്പം കണ്ണൂരിലും കോഴിക്കോട്ടും പ്രതി സിനിമക്ക് പോയിരുന്നു. ഇതിനിടെ നഗ്നഫോട്ടോ കൈവശപ്പെടുത്തി. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ തട്ടിയെടുത്തിരുന്നതെന്ന് പെൺകുട്ടി മൊഴി നൽകി.
മയ്യഴി: പ്രണയം നടിച്ച് പെൺകുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ പിടികൂടി മാഹി പോലീസ് . തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹീം അഹമ്മദ് (25) ആണ് പിടിയിലായത്. ചെമ്പ്ര സ്വദേശിയുടെ മകളാണ് കബളിപ്പിക്കപ്പെട്ടത്. പെൺകുട്ടിക്കൊപ്പം കണ്ണൂരിലും കോഴിക്കോട്ടും പ്രതി സിനിമക്ക് പോയിരുന്നു. ഇതിനിടെ നഗ്നഫോട്ടോ കൈവശപ്പെടുത്തി. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ തട്ടിയെടുത്തിരുന്നതെന്ന് പെൺകുട്ടി മൊഴി നൽകി.
2024 ജൂലായിയിലായിരുന്നു സംഭവം. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും വ്യാജ പരാതി നൽകി കബളിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് പള്ളൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. മാഹിയിൽ സ്ഥലം മാറിവന്ന പുതിയ ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും യഥാർഥ പ്രതി പിടിയിലായതും.
ആഭരണം നഷ്ടപ്പെട്ടതായി പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി അന്നത്തെ പള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൺമുഖമാണ് അന്വേഷിച്ചത്. ഇദ്ദേഹമാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. പോലീസിനെ കബളിപ്പിച്ചതിന് പരാതിക്കാരനെതിരേ കേസെടുക്കുകയുംചെയ്തു. ഈ കേസ് മാഹി കോടതിയിൽ നടന്നുവരികയാണ്.
മാസങ്ങൾക്കുമുൻപ് പി.എ. അനിൽകുമാർ സർക്കിൾ ഇൻസ്പെക്ടറായി മാഹിയിൽ ചുമതലയേറ്റു. എഴുതിത്തള്ളിയതും അന്വേഷണം അവസാനിപ്പിച്ചതുമായ കേസ് ഫയലുകൾ പരിശോധിച്ചപ്പോൾ പള്ളൂരിലെ ഈ കേസിൽ പന്തികേടുതോന്നി പരാതിക്കാരനെ വിളിച്ച് അന്വേഷണം നടത്തി. ആഭരണം നഷ്ടപ്പെട്ടത് സത്യമാണെന്ന് പരാതിക്കാരൻ പറഞ്ഞതിനെ തുടർന്നാണ് പുനരന്വേഷണം തുടങ്ങിയത്. അന്ന് 15 വയസ്സുണ്ടായിരുന്ന പെൺകുട്ടിക്ക് ഫഹീം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്തിയപ്പോൾ ഇയാളുടെപേരിൽ സമാനമായ കേസ് കൊടുങ്ങല്ലൂരിലുമുണ്ടെന്ന് മനസ്സിലായി.
തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പോലീസിനോട് തുറന്നുപറഞ്ഞ കാര്യങ്ങൾ പെൺകുട്ടി കോടതിയിലും ആവർത്തിച്ചു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭയപ്പെടുത്തി സ്വർണം കൈക്കലാക്കിയതിനും പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതി വില്പനനടത്തിയ 21 പവൻ തലശ്ശേരി വാധ്യാർപീടികക്കടുത്ത മൂന്ന് സ്വർണക്കടകളിൽനിന്നായി പിടിച്ചെടുത്തു. കോഴിക്കോട്ടും ആഭരണം വിറ്റിട്ടുണ്ട്. ഇത് കണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പോണ്ടിച്ചേരിയിലെ പോക്സോ കോടതിയിൽ ഇയാളെ തിങ്കളാഴ്ച ഹാജരാക്കും.