സൗഹൃദം നടിച്ച് വയോധികയെ കെട്ടിപ്പിടിച്ചു;മാനന്തവാടിയിൽ അരപ്പവന്റെ കമ്മൽ കവർന്ന് 46കാരൻ

അയൽവാസിയായ 85-കാരിയെ വീട്ടിനുള്ളിൽ കയറി കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തി അരപ്പവന്റെ കമ്മൽ കവർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് പിടിയിലായത്. മാനന്തവാടി ഇൻസ്‌പെക്ടർ പി. റഫീഖ്, എസ്.ഐ. റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 


മാനന്തവാടി: അയൽവാസിയായ 85-കാരിയെ വീട്ടിനുള്ളിൽ കയറി കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തി അരപ്പവന്റെ കമ്മൽ കവർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് പിടിയിലായത്. മാനന്തവാടി ഇൻസ്‌പെക്ടർ പി. റഫീഖ്, എസ്.ഐ. റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. വള്ളിയൂർക്കാവ് സ്വദേശിയായ കല്യാണി (85) എന്ന വയോധികയാണ് ക്രൂരമായ കബളിപ്പിക്കലിന് ഇരയായത്. ഞായറാഴ്ച വൈകീട്ട് കല്യാണിയുടെ വീട്ടിലെത്തിയ സനീഷ് തോമസ് കടുത്ത സൗഹൃദം ഭാവിക്കുകയായിരുന്നു.

കുശലാന്വേഷണം നടത്തുന്നതിനിടെ ഇയാൾ വയോധികയെ കെട്ടിപ്പിടിക്കുകയും, ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇരുചെവിയിലും പിടിച്ചുവലിച്ച് കമ്മൽ ഊരിയെടുക്കുകയുമായിരുന്നു. പ്രതി പോയതിന് ശേഷം ചെവിയിൽ കടുത്ത വേദനയനുഭവപ്പെട്ട വയോധിക മരുമകളോട് വിവരം പറയുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടതുകാതിലെ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കമ്മൽ നഷ്ടപ്പെട്ട കാര്യം കുടുംബം മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഇവർ മാനന്തവാടി പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അതിവേഗം വലയിലാക്കി. സനീഷ് തോമസ് മോഷ്ടിച്ച ശേഷം മാനന്തവാടിയിലെ ഒരു പ്രാദേശിക ജൂവലറിയിൽ വിൽപ്പന നടത്തിയ കമ്മൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.