മലയിൻകീഴ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാട്ടാക്കട പൊലീസ്
Aug 7, 2026, 18:29 IST
തിരുവനന്തപുരം : മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ കാട്ടാക്കട പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നാലുനില നിലവിളക്ക്, ഓട്ടുരുളി, ശംഖ് എന്നിവ കവർന്ന വിളവൂർക്കൽ സ്വദേശി ദീപു (39) ആണ് അറസ്റ്റിലായത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുൻപും നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് വലയിലാക്കിയത്.
കാട്ടാക്കടയിലെ ആക്രിക്കടയിൽ വിറ്റ മോഷണവസ്തുക്കൾ പൊലീസ് കണ്ടെടുത്തു. പൂജപ്പുര, ഫോർട്ട്, ആലപ്പുഴ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.