പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിൽ മലയാളി കൊല്ലപ്പെട്ട സംഭവം ; പ്രായപൂർത്തിയാകാത്ത 2പേർ ഉൾപ്പെടെ 7 പേർ പിടിയിൽ

 

 കൊൽക്കത്ത: പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുൽതാലിയിൽ മലയാളിയെ മോഷ്ടാവെന്ന് സംശയിച്ച മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 7പേർ പൊലീസിൽ പിടിയിൽ. സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുപ്പത് വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. മോഷ്ടാവാണെന്ന് കരുതി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കേരളത്തിൽ തന്നോടൊപ്പം ജോലി ചെയ്യുന്നവരുമായി കുൽതാലിയിലെത്തിയതാണ് യുവാവെന്ന് ബരുയിപൂർ സബ് ഡിവിഷൻ സീനിയർ പൊലീസ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികൾ ഇയാളെ മർദിച്ചത്. എന്നാൽ ചില ഗ്രാമീണർ പറയുന്നത് ഇയാൾ ഒരു ഗർഭിണിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ജൂൺ 9നായിരുന്നു സംഭവം. കുൽതാലിയിലെ സൻകിജഹാൻ പ്രദേശത്തുള്ള സഹപ്രവർത്തകന്റെ വീട്ടിലെത്തിയ യുവാവ് സംഭവ ദിവസം രാവിലെ പ്രാദേശിക മാർക്കറ്റിലേക്ക് പോയി. പ്രദേശത്തെ വഴികൾ പരിചതമല്ലാത്തതിനാൽ ഇയാൾ മറ്റൊരിടത്തേക്കാണ് അബദ്ധത്തിൽ എത്തപ്പെട്ടത്. ഇയാൾ ബംഗാളി ഭാഷയും വശമില്ലായിരുന്നു.

പ്രദേശത്ത് ഇയാൾ ചുറ്റിക്കറങ്ങുന്നത് കണ്ട് ഗ്രാമീണർ ഇയാളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. പിന്നാലെ പലരും ഇയാളോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഇയാൾ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് കയറിൽ കെട്ടിയിട്ട് മർദ്ദിക്കാൻ ആരംഭിച്ചത്. ക്രൂരമായി മർദനമേറ്റയാൾ വഴിയിൽ കിടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് ജയ്‌നഗർ-കുൽതാലി റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചിരുന്നു.