മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 38.5 ഗ്രാം എംഡിഎംഎ പിടികൂടി

എറണാകുളം വാതുരുത്തി സ്വദേശി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്

 

എക്‌സ്-റേ പരിശോധനയില്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി

പട്ടിക്കാട് : മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38.5 ഗ്രാം എംഡിഎംഎ പിടികൂടി. എറണാകുളം വാതുരുത്തി സ്വദേശി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. 

ബുധനാഴ്ച പുലര്‍ച്ചെ 1.30-ന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ മുടിക്കോടുവെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ ബെംഗളൂരുവില്‍നിന്ന് വരുകയായിരുന്ന വിനു പോലീസ് സംഘത്തെ കണ്ടപ്പോള്‍ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചു. പോലീസ് ഇയാളെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

എക്‌സ്-റേ പരിശോധനയില്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും മലദ്വാരത്തില്‍നിന്ന് എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയുമായിരുന്നു. 

ഏഴ് സെന്റിമീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് വിനു.