മലപ്പുറത്ത് 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം പിടികൂടി. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് – മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം ഇൻക്വസ്റ്റ് നടത്തി പിടിച്ചെടുത്തു.
ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രതി പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കൂടാതെ, ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും വൻതോതിൽ കഞ്ചാവ് വിറ്റിരുന്നതായി പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്ന അതിന്റെ ഉറവിടത്തെക്കുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എക്സൈസ് സി.ഐ വി. അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവരും പങ്കെടുത്തു.