32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ 

32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി ( 30 ) ആണ് പിടിയിലായത്.

 

പത്തനംതിട്ട :  32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി ( 30 ) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മഹാരാഷ്ട്രയിൽ നിന്നും എത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ പണം പിടികൂടിയത്.

റെയിൽവേ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. റെയിൽവേ പൊലീസ് എസ് ഐ റോബി ചെറിയാൻ, എക്സൈസ് സി ഐ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും അടക്കം കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.

അതേസമയം, കാസർഗോഡ് മൊഗ്രാലിൽ മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. കൊലക്കേസ് പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി സ്വദേശി ഹബീബ് സുഹൃത്ത് അഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്. പെർവാഡ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ തിങ്കളാഴ്ചയാണ് ആക്രമിച്ചത്. ഓട്ടോക്ക് മുന്നിൽ ഓമ്നി വാൻ നിർത്തി തടഞ്ഞായിരുന്നു ആക്രമണം. അറസ്റ്റിലായ ഹബീബ് കൊലപാതകം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ്.