മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയ അഞ്ച് പേർ അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന റവന്യൂ, വനം വകുപ്പുകളിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ജോലി നൽകാമെന്ന് പ്രതികൾ യുവാവിന് വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. വിശ്വാസ്യതക്കായി പ്രതികൾ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സീലും ഒപ്പുകളും ഉൾക്കൊള്ളുന്ന വ്യാജ നിയമന കത്തും യുവാവിൻറെ പേരിലുള്ള വ്യാജ സർക്കാർ ഔദ്യോഗിക ഐ.ഡി കാർഡും നൽകിയിരുന്നു.
രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇടപാടുകളിലായി യുവാവ് പ്രതികൾക്ക് 70 ലക്ഷം രൂപ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരികയും യുവാവ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തപ്പോൾ പ്രതികൾ അത് നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. യുവാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.