പ്രണയവിവാഹത്തെച്ചൊല്ലിയുള്ള പകയിൽ യുവാവിന്റെ മൂക്ക് മുറിച്ച് സഹോദരന്റെ ഭാര്യവീട്ടുകാർ
ജയ്പൂർ: രണ്ട് വർഷം മുൻപ് നടന്ന പ്രണയവിവാഹത്തെച്ചൊല്ലിയുള്ള പകയിൽ രാജസ്ഥാനിലെ ബാർമറിൽ യുവാവിന്റെ മൂക്ക് മുറിച്ചു. ശ്രാവൺ സിംഗ് എന്ന യുവാവിന്റെ സഹോദരൻ യു.കെ. സിംഗിന് (35) നേരെയാണ് ഭാര്യവീട്ടുകാരുടെ ക്രൂരമായ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ശ്രാവണിന്റെ കുടുംബം തിരിച്ചടിക്കുകയും യുവതിയുടെ അമ്മാവനായ ധരം സിംഗിന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യു.കെ. സിംഗിനെ സഞ്ചോറിലെ ആശുപത്രിയിലും ധരം സിംഗിനെ ജോദ്‌പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യു.കെ. സിംഗിനെ യുവതിയുടെ അമ്മാവൻ ധരം സിംഗും സംഘവും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സംഘം യുവാവിന്റെ മൂക്ക് മുറിച്ചുമാറ്റി. ചോര വാർന്ന നിലയിൽ വീട്ടിലെത്തിയ ഇയാളെ കണ്ടതോടെയാണ് ശ്രാവണിന്റെ കുടുംബം പ്രതികാരവുമായി രംഗത്തിറങ്ങിയത്. ഉടൻ തന്നെ യുവതിയുടെ വീട്ടിലെത്തിയ ഇവർ ധരം സിംഗിനെ ക്രൂരമായി മർദ്ദിക്കുകയും കാൽ തല്ലിയൊടിക്കുകയുമായിരുന്നു. നാട്ടിൽ വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
ഒരേ നാട്ടുകാരായിരുന്ന ശ്രാവൺ സിംഗും യുവതിയും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും അടങ്ങാത്ത പകയാണ് ഇപ്പോൾ ആക്രമണത്തിൽ കലാശിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.