ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ അധ്യാപകന്റെ അനാശാസ്യ പ്രവൃത്തിക്കെതിരെ വൻ പ്രതിഷേധം. സ്കൂൾ സമയം ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് പണം നൽകി മദ്യം വാങ്ങാൻ കടയിലേക്ക് അയച്ച സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലുള്ള ഖപത് ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമി എന്ന അധ്യാപകനാണ് പിടിയിലായത്. ജൂൺ 20-ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. അധ്യാപന സമയം ക്ലാസ്സിലിരിക്കാൻ നിർദ്ദേശിക്കേണ്ട അധ്യാപകൻ, വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഇത്തരമൊരു നിയമവിരുദ്ധ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
വിഷയം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കർശനമായ മദ്യനിരോധന നിയമങ്ങൾ ലംഘിച്ചതിനും, പ്രായപൂർത്തിയാകാത്ത കുട്ടിയെ ദുരുപയോഗം ചെയ്തതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അടിയന്തര വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.