അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ പിതാവ് മരിച്ചു
കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയുടെ കക്ഷിയുടെ ഭർത്താവാണ് അദ്ദേഹത്തിന്റെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മോഹൻദാസ്. അഭിഭാഷകനായ ഡോൾഗോയോടുള്ള വിരോധത്തിലാണ് പിതാവിന് നേരെ ആക്രമണം നടത്തിയത്.
സംഭവത്തിൽ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും. കഴിഞ്ഞമാസം പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്ന് മുതൽ മോഹൻദാസ് ആശുപത്രിയിലായിരുന്നു. ഡൈനാസ്റ്ററിന്റെ ഭാര്യ നൽകിയ ഗാർഹിക പീഢന കേസിൽ വക്കാലത്തെടുത്ത് കോടതിയിൽ ഹാജരായതോടെയാണ് പ്രതികൾ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. എന്നാൽ കേസുമായി മുന്നോട്ട് പോയതോടെ വീടുകയറി ആക്രമണം നടത്തി. മോഹൻദാസിനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെയാണ് മോഹൻദാസിന് ഗുരുതര പരിക്കേറ്റത്. പ്രതികൾ മോഹൻദാസിനെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ അന്ന് അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ ബാർ അസോസിയേഷനിലടക്കം വലിയ പ്രതിഷേധമാണ് നടന്നത്. പ്രതികൾക്കെതിരെ വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ മോഹൻദാസ് മരണപ്പെട്ടതോടെ പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്.