കുന്നംകുളത്ത് കാർ അടിച്ച് തകർത്ത കേസ് : മൂന്നംഗ സംഘം പിടിയിൽ
കുന്നംകുളം: ബൈക്കിന് കടന്നുപോകാൻ സൗകര്യം നൽകിയില്ലെന്നാരോപിച്ച് കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മുണ്ടൂർ പുത്തൂർ സ്വദേശി ദിഷ്ണു ദേവൻ (29), സഹോദരൻ മനു (27), കേച്ചേരി എരനല്ലൂർ സ്വദേശി അർജുൻ (32) എന്നിവരെയാണ് സി.ഐ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി ഊക്കയിൽ വീട്ടിൽ മുബാറക്കിന്റെ കാറാണ് സംഘം അടിച്ചുതകർത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. അക്രമികൾ ചില്ലുകൾ കല്ല് ഉപയോഗിച്ചാണ് അടിച്ചു തകർത്തത്.
കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിരുന്നു. കുന്നംകുളം, പേരാമംഗലം, പരപ്പനങ്ങാടി സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ മനു, ദിഷ്ണുദേവ്.