കുളത്തൂരിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

 മദ്യലഹരിയിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കുളത്തൂർ അരുവല്ലൂർ സ്വദേശി മനോജ് (40) ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ പ്രതിയായ സമീപവാസി ഒളിവിൽപോയി.
 

 മദ്യലഹരിയിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കുളത്തൂർ അരുവല്ലൂർ സ്വദേശി മനോജ് (40) ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ പ്രതിയായ സമീപവാസി ഒളിവിൽപോയി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അരുവല്ലൂരിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ പന കയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരൻറെ മുഖത്ത് മർദിക്കുകയും ചെയ്തു. 

പ്രകോപിതനായ ശശിധരൻ തൻറെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ മനോജിനെ കുത്തുകയായിരുന്നു. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ മനോജ് ശരീരത്തിലുടനീളം പരിക്കേറ്റ് രക്തം വാർന്ന് ഏറെ നേരം വഴിയിൽ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. നാട്ടുകാരിലാരോ വിവരമറിയിച്ചതിനെത്തുടർന്ന് പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശശിധരനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊഴിയൂർ പൊലീസ് അറിയിച്ചു.