കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം ; പ്രതി പിടിയിൽ
കൊണ്ടോട്ടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ വിനീത് കുമാറാണ് (45) അറസ്റ്റിലായത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം 3.45ന് പുളിക്കലിനടുത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായ മൊറയൂർ പഞ്ചായത്ത് സ്വദേശിയായ 27കാരിക്കാണ് ദുരനുഭവമുണ്ടായത്. ബസിലെ ജനറൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തെത്തിയ വിനീത് കുമാർ ലൈംഗികാതിക്രമം നടത്തുകയും നഗ്നത പ്രദർശനം നടത്തി അപമാനിക്കുകയുമായിരുന്നെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതി.
സംഭവമുണ്ടായയുടൻ യുവതി പ്രതികരിച്ചെങ്കിലും ബസ് പൊലീസ് സ്റ്റേഷനിലെത്തിക്കാൻ ജീവനക്കാർ തയാറായില്ലത്രെ. തുടർന്ന്, പ്രതിയുടെ ഫോട്ടോ ഉൾപ്പെടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ വയനാട് സ്വദേശിയാണെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ വിനീത് കുമാർ ബുധനാഴ്ച പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടെത്തിയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.