കെഎസ്ആർടിസി ബസ്സിന് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് ; ഗുരുതര ക്രമക്കേട്
കെഎസ്ആർടിസി ബസ്സിന് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ ഇടത് സംഘടനാ പ്രവർത്തകൻ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്താൻ മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിന് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ ഇടത് സംഘടനാ പ്രവർത്തകൻ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്താൻ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനെതിരേ ഗുരുതര ആരോപണം ഉയർന്നു. പരിശോധിക്കേണ്ട ബസ്സിന് പകരം മറ്റൊരു ബസ്സ് ഹാജരാക്കി കേന്ദ്രസർക്കാർ സോഫ്റ്റ്‌വെയറിൽ ക്രമക്കേട് വരുത്തിയാണ് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ക്രമക്കേടുകൾ തടയുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെ സോഫ്റ്റ്‌വെയർ സുരക്ഷ ശക്തമാക്കുകയും നിരീക്ഷണം കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ, സമാന ക്രമക്കേടുകൾ കണ്ടെത്തിയ സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കെതിരേ ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കെഎസ്ആർടിസിയിൽ നടന്ന ഗുരുതര ക്രമക്കേടിൽ രണ്ടു താത്കാലിക ജീവനക്കാരെ മാത്രം ഒഴിവാക്കി വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചതായി മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ആർക്കെതിരേയാണ് അച്ചടക്ക നടപടി എന്നത് വ്യക്തമാക്കിയിട്ടില്ല.