പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ് ; 60-കാരൻ അറസ്റ്റിൽ
കോഴിക്കോട്: പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60-കാരനായ പ്രതിയെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയയാണ് പിടിയിലായത്. ഈ വർഷം ജനുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. പീഡനവിവരം കുട്ടി മാതാവിനെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
ആദ്യം പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സംഭവം നടന്നത് എലത്തൂർ സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് അവിടേക്ക് കൈമാറി. കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. സ്കൂളിലെ മുൻ ജീവനക്കാരനായിരുന്ന പ്രതി, മുൻപും വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് സസ്പെൻഷനിലായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വെളിപ്പെടുത്തി. നിലവിൽ റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.