കോട്ടയത്ത് പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ എസ്. കലേബ് (22), വിജയപുരം മാങ്ങാനം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ കുഞ്ഞുണ്ണി എന്ന അശ്വിൻ സാബു (23) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും സഹോദരനെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്.
യുവാവ് സ്ഥിരമായി ബൈക്ക് വെക്കുന്ന സ്ഥലത്ത് കലേബും സംഘവും ബഹളം ഉണ്ടാക്കിയത് യുവാവും സുഹൃത്തും ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഭവം. അനന്തു ബിനു, അഖിൽ കുമാർ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, ജിജി ലൂക്കോസ്, എസ്.സി.പി.ഒ പ്രതീഷ് രാജ്, സി.പി.ഒ മാരായ അജേഷ് ജോസഫ്, കെ.വി. അജിത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.