കോട്ടയത്ത് റെയിൽവേ സ്റ്റേഷന് സമീപം ഒന്നര കിലോയിലേറെ ലഹരിമരുന്നുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

 

 ഓണക്കാലം മുന്നിൽക്കണ്ട് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള നീക്കം എക്സൈസ് സംഘം തകർത്തു. കോട്ടയത്ത് റെയിൽവേ സ്റ്റേഷന് സമീപം നാഗമ്പടം ഭാഗത്തുനിന്നും ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ജയ്പുർ സ്വദേശിയായ മുഹമ്മദ് മർസൂദ് ഖാൻ (47) ആണ് പിടിയിലായത്. ഓണത്തിന് മുന്നോടിയായി എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം നാഗമ്പടം ഭാഗത്തേക്ക് സംശയാസ്പദമായ രീതിയിൽ നടന്നു വരികയായിരുന്നു മർസൂദ് ഖാൻ. എക്‌സൈസ് സംഘത്തിന് ലഭിച്ച കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ഇയാളെ വഴിയിൽ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇയാൾ കൈയിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.650 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന ഉടൻ തന്നെ പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ. ദർശകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായക അറസ്റ്റ് രേഖപ്പെടുത്തിയത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പി.എസ്. ശ്യാംകുമാർ, പി.പി. പ്രസീദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.എ. യേശുദാസ്, കെ.സി. ദിബീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ, സിവിൽ എക്‌സൈസ് ഓഫീസ് ഡ്രൈവർ വിബിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.