കൊല്ലത്ത് മരുമകന്റെ ക്രൂരമായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു
കൊല്ലം: മരുമകന്റെ ക്രൂരമായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (നവംബർ1) സംഭവം. ഭർത്താവ് ശിവനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്ന ഭാര്യ രജനി, ഞായറാഴ്ച വൈകിട്ടോടെ അമ്മ ശ്യാമളയുടെ വീട്ടിലേക്ക് വന്നിരുന്നു. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ രജനീയുമായും ശ്യാമളയുമായും വീണ്ടും തർക്കത്തിലേർപ്പെട്ടു. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച ശിവനിൽ നിന്ന് രക്ഷപ്പെടാൻ അമ്മയും മകളും അയൽവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ, പിന്തുടർന്നെത്തിയ ശിവൻ തടിക്കഷ്ണം കൊണ്ട് രജനെയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ ശ്യാമളയുടെ തലയ്ക്ക് അടികൊള്ളുകയായിരുന്നു.
തല തകർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ഉടൻ തന്നെ ഭരണിക്കാവിലെയും തുടർന്ന് അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നുമാണ് പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.